Recent Posts

Breaking News

Latest News

തൃശൂര്‍: ഗുരുവായൂരില്‍ ജന്മാഷ്ടമി തൊഴാനെത്തിയത് ആയിരങ്ങള്‍. ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ണിയായിത്തന്നെ ഒരു നോക്ക് കണ്ടതോടെ ഭക്തമനസുകള്‍ സായൂജ്യം നേടി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്രകള്‍ ഒഴിവാക്കി പരിമിതമായ ചടങ്ങുകളോടെയാണ് പിറന്നാള്‍ ആഘോഷമുണ്ടായത്. കോവിഡ് ഭീതിയില്‍ ആഘോഷത്തിന് മങ്ങലേറ്റെങ്കിലും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കണ്ണന്റെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ഭക്തസഹസ്രങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. 5000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി ദേവസ്വം ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത്.

കൂടാതെ ശ്രീലകത്ത് നെയ്‌വിളക്ക് ശീട്ടാക്കുന്നവര്‍ക്കും ദര്‍ശന സൗകര്യം ഉണ്ടായിരുന്നു. ഇതിന് പുറമേ കിഴക്കേനടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് തൊഴാനും ഭക്തരുടെ നീണ്ടനിര പ്രകടമായി. പുലര്‍ച്ചെ 3.15 മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയത്. കാഴ്ചശീവേലിയില്‍ കൊമ്പന്‍ ഇന്ദ്രശന്‍ സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. മേളമായിരുന്നു അകമ്പടി.

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ അപ്പം തയാറാക്കി രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭക്തര്‍ക്ക് വിതരണം ചെയതു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പിറന്നാള്‍ സദ്യ ഒഴിവാക്കിയിരുന്നു.

ഘോഷയാത്രകള്‍ ഒഴിവാക്കിയെങ്കിലും രാധാ-കൃഷ്ണ വേഷമണിഞ്ഞ നിരവധി കുരുന്നുകള്‍ ക്ഷേത്രസന്നിധിയിലെത്തിയത് ആഘോഷത്തിന് കൊഴുപ്പേകി. 54 വിവാഹങ്ങളും ക്ഷേത്രസന്നിധിയിലുണ്ടായി.

The post ഗുരുവായൂരില്‍ ജന്മാഷ്ടമി തൊഴാനെത്തിയത് ആയിരങ്ങള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mIeqXC
via IFTTT

No comments