Recent Posts

Breaking News

Latest News

കാസര്‍ഗോഡ്: തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകവും പാരമ്പര്യവും ലോകത്തെയറിയിച്ച തളങ്കര അബ്ദുല്‍ ഹക്കീം (65) അന്തരിച്ചു. കുടുംബസമേതം യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദുബായ് റാഷിദിയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു മരണം.

കണ്ണൂരിലെ അഴീക്കൽ കേന്ദ്രമാക്കിയാണ് അബ്ദുൽ ഹക്കീമിന്റെ കമ്പനി ഉരു നിർമാണം നടത്തിവരുന്നത്. പൗര പ്രമുഖനും ഉരു വ്യവസായിയുമായ പിതാവ് തളങ്കര അബ്ദുള്ള കുഞ്ഞിയുടെ വഴിയിൽ 1990-ലാണ് ഹക്കീം ഉരു നിർമാണവുമായി ബന്ധപ്പെട്ട് അഴീക്കലിൽ എത്തിയത്.

കേന്ദ്രസർക്കാരിനുവേണ്ടി ലക്ഷദ്വീപിലേക്കുള്ള ഉല്ലാസ ബോട്ടുകളും ഗൾഫ് നാടുകളിലേക്ക് ചരക്ക് ഉരുവും ഉൾപ്പെടെ ആകെ 27 ജലയാനങ്ങൾ ഇതിനകം നിർമിച്ചുനൽകിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ഹക്കീം തന്നെയാണ് യാനങ്ങൾ രൂപകല്പന ചെയ്യുന്നത്. ഭാര്യ റസീനയും എൻജിനീയറായ മകൻ സുഹൈലും ഹക്കീമിനൊപ്പം സഹായിക്കാനുണ്ടായിരുന്നു.

2019-ൽ ഗൾഫിലേക്ക് കൊണ്ടുപോയ 70 അടി നീളമുള്ള ശീതീകരിച്ച ആഡംബര ബോട്ട് ദുബായ് ബോട്ട് ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിലൂടെ ഹക്കീമിന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറൈൻ വിദ്യാർഥികളും വിനോദസഞ്ചാരികളും ഇവിടെ ഉരു- ബോട്ട് നിർമാണം കാണാനെത്തുന്നുണ്ട്.

ഖത്തർ ഭരണാധികാരിക്ക് വേണ്ടി 10 കോടി രൂപ വീതം വിലയുള്ള രണ്ട് ഉല്ലാസ നൗകകൾ നിർമിച്ചുവരുന്നതിനിടെയായിരുന്നു അന്ത്യം. പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞി യുടേയും കുഞ്ഞാമിനയുടേയും മകനാണ്. ഭാര്യമാർ: കല്ലട്ര ജമീല, റസീന, പരേതയായ ഡോ.ഖദീജ. മക്കൾ: നാസിഫ, നീമ, സുഹൈൽ, പരേതയായ സുഹാന. മരുമക്കൾ: നിസാർ, അൻവർ. സഹോദരങ്ങൾ: തളങ്കര മുഹമ്മദ് അഷ്റഫ്, ഡോ.തളങ്കര നൂറുദ്ദീൻ, പരേതനായ തളങ്കര ഇബ്രാഹിം ഖലീൽ, നഫീസത്ത് ബീവി, ഖമറു, സുഹറ.

The post തളങ്കരയുടെ ഉരു നിർമ്മാണം ലോകപ്രശസ്തമാക്കിയ അബ്ദുൽ ഹക്കീം ഗൾഫിൽ അന്തരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/32Xyfz5
via IFTTT

No comments