Recent Posts

Breaking News

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്;ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ നോട്ടീസ് പതിച്ചു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു.

സമരം ശക്തമാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഗുസ്തി താരങ്ങള്‍ സമരവേദിയില്‍ എത്തി. ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്. ഇതിനിടെ ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ നോട്ടീസ് പതിച്ചു. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളാണ് താരങ്ങള്‍ നോട്ടീസ് ആയി പതിച്ചത്.

അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച്‌ ഒളിമ്ബ്യന്‍ നീരജ് ചോപ്രയും രംഗത്തെത്തി. നീതിക്കുവേണ്ടി അത്‌ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവര്‍. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്ബിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ ഇന്നലെ രംഗത്ത് വന്നിരുന്നു. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്ബിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പി ടി ഉഷ വിമര്‍ശിച്ചു. ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുമ്ബോള്‍ ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒളിമ്ബിക് അസോസിയേഷന്‍ മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു.

ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമാണെന്ന് ദില്ലി പൊലീസ് അറിയിച്ചെങ്കിലും ഭൂഷണെതിരെ ഇനിയും കേസെടുത്തിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോടതി ദില്ലി പോലീസിനും സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

The post ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്;ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ നോട്ടീസ് പതിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/xyGR5rB
via IFTTT

No comments