Recent Posts

Breaking News

Latest News

കൊച്ചി : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക. മുഹമ്മദ് ഷെഫീഖ് മൊഴി നല്‍കിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കും.ജലീല്‍, സലിം, മുഹമ്മദ്, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയില്‍ ഉള്ളത്.ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

ഷെഫീഖില്‍ നിന്നു പിടിച്ചെടുത്ത ഫോണില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അര്‍ജുന്‍ ഇന്നലെ നല്‍കിയ മൊഴികളിലും ചില നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതും. കസ്റ്റംസ് ഇന്ന് അര്‍ജുനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും.

സ്വര്‍ണക്കടത്തിന് അര്‍ജുന്‍ ഉപയോ​ഗിച്ച കാര്‍ കഴിഞ്ഞ ദിവസം തളിപ്പറമ്ബ്​ കുളപ്പുറത്ത്​ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ചരക്കണ്ടി കൊയ്യോട്​ സ്വദേശിയും സിപിഎം ബ്രാഞ്ച്​ അംഗവുമായിരുന്ന സജേഷി​ന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കാര്‍. ഇയാളെയും കസ്റ്റംസ് ചോദ്യംചെയ്യുമെന്നാണ് സൂചന.

ഒന്‍പത് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് ഇന്നലെ കൊച്ചി കസ്റ്റംസ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുധ്യം ഉള്ളതായി കസ്റ്റംസ് കണ്ടെത്തി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് 2.33 കിലൊ സ്വര്‍ണവുമായി എത്തിയ മുഹമ്മദ് ഷെഫീഖിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവിടെ എത്തിച്ചേര്‍ന്ന അര്‍ജുന്‍ ആയങ്കിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു . അര്‍ജുന്‍ ആയങ്കിയും ഷെഫീഖും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും മെസ്സേജുകളും കസ്റ്റംസിന് ലഭിച്ചു.

ഷെഫീഖുമായി പണമിടപാട് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കിയത്. എന്നാല്‍ സ്വര്‍ണക്കടത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് അര്‍ജുന്‍ ആണെന്ന് ഷെഫീഖ്‌ മൊഴി നല്‍കിയിരുന്നു.

മൊഴികളിലെ വൈരുധ്യം കസ്റ്റംസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കസ്റ്റംസ് മുഹമ്മദ് ഷെഫീഖിനെ ജൂലൈ അഞ്ചാം തിയ്യതി വരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്‌. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ അയങ്കിക്കും ഷെഫീഖിനുമുള്ള ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

The post സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയെയും ഷെഫീഖിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2U89wXM
via IFTTT

No comments