Recent Posts

Breaking News

Latest News

പാലക്കാട്: വടക്കഞ്ചേരി അണക്കപ്പാറ കള്ള് ഷാപ്പ് ലൈസന്‍സിയുടെ ഗോഡൗണില്‍നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ തുടരന്വേഷണം സംസ്ഥാന എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി എക്‌സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ കെ.എ. നെല്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സാധാരണ ഇത്തരം കേസുകള്‍ അതത് റെയ്ഞ്ചുകളിലെ ഉന്നത ഉദ്യോസ്ഥരാണ് അന്വേഷണം നടത്തുക. എന്നാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പങ്കുള്ളതായി ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സംഭവത്തില്‍ പ്രതിയായ സോമന്‍ നായരെ ഇനിയും പിടികൂടാനായിട്ടില്ല.

സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ കള്ള് ഷാപ്പ് ലൈസന്‍സികള്‍ ഉള്‍പ്പെടെ 21 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഏഴു പേരെ മാത്രമാണ് പിടികൂടിയത്. ഇതിനിടെ സംഭവത്തില്‍ ആലത്തൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ ഉദ്യോസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്നതോടെ ജീവനക്കാരെ സ്ഥലം മാറ്റി. ആലത്തൂര്‍ എക്‌സൈസ് റെയ്ഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. മുഹമ്മദ് റിയാസിനെ പൊന്നാനിയിലേക്കും റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. പ്രശോഭിനെ നിലമ്പൂരിലേക്കും എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ അനൂപിനെ തൃപ്പുണ്ണിത്തുറയിലേക്കുമാണ് സ്ഥലം മാറ്റിയത്.

പരിശോധന സമയത്ത് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് വിഭാഗം ഗോഡൗണില്‍ നിന്ന് കണക്കുപുസ്തകം, ഡയറികള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സോമന്‍ നായരുടെ ബിനാമിയായി പ്രവര്‍ത്തിച്ചതിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കള്ള് വാങ്ങിയതിന്റെയും, വില്‍പ്പന നടത്തിയതിന്റെയും കണക്കുകള്‍ കൂടാതെ കള്ള് വണ്ടികള്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങള്‍ കൂടിയുള്ളതായാണ് സൂചന.

ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.അതിനിടെ അണക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് സംഭവത്തിലെ പ്രതിയായ സോമന്‍ നായരുടെ കെട്ടിടത്തിലാണെന്ന് തെളിഞ്ഞു. പത്ത് വര്‍ഷമായി 4500 രൂപ പ്രതിമാസ വാടക നല്‍കിയാണ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നത് എന്നാണ് രേഖ. ജില്ലയില്‍നിന്ന് അയല്‍ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ള് പരിശോധിക്കുന്നതിനായാണ് അണക്കപ്പാറ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

The post അണക്കപ്പാറ സ്പിരിറ്റ് വേട്ട: അന്വേഷണം ക്രൈംബ്രാഞ്ചിന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dzglrY
via IFTTT

No comments