Recent Posts

Breaking News

Latest News

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം. കമ്പനികളില്‍ നിന്ന് ഏകീകൃത നിരക്കില്‍ വാക്‌സിന്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ കേരളം എതിര്‍ത്തത്. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ്പിന് മാത്രമാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. വാക്‌സിന്‍ നിര്‍മാതാക്കള്‍ നിശ്ചയിച്ച വില നല്‍കി സംസ്ഥാനങ്ങള്‍ ഡോസുകള്‍ വാങ്ങണം.

ഈ നയം തിരുത്തണം. 18-45 വയസ് വരെയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും സൗജന്യമായി തന്നെ നല്‍കണം. ഇതിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്കും കേന്ദ്രം വാക്‌സിന്‍ നല്‍കില്ല. അവരും നേരിട്ട് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദേശം.

18-45 വയസ് വരെയുള്ളവരുടെ കുത്തിവയ്പ്പിന് ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ക്കായി കേരളം കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ നിയന്ത്രിത അളവിലാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും കേരളം അറിയിച്ചു.

The post കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xCEGpe
via IFTTT

No comments