Recent Posts

Breaking News

Latest News

മലപ്പുറം : ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിങ് ഏജന്റുമാരും മാധ്യമപ്രവര്‍ത്തകരും മാത്രമേ കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഉണ്ടാകൂ. തെര്‍മല്‍ സ്‌കാനിങിന് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.

ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത് 10 ശതമാനം കൂടുതല്‍ കൗണ്ടിങ് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഹാളുകള്‍ അണുവിമുക്തമാക്കും. മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജമാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. കൗണ്ടിങ് കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കൗണ്ടിങിനെത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. കൗണ്ടിങ് ഹാളിന് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല. ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ നാളെ നടക്കും
പോസ്റ്റല്‍ വോട്ട് രാവിലെ എട്ടിനും ഇ.വി.എം വോട്ട് രാവിലെ 8.30നും എണ്ണും

വോട്ടെണ്ണല്‍ ദിവസമായ നാളെ (മെയ് രണ്ട്) രാവിലെ ആറിന് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അതത് കൗണ്ടിങ് സെന്ററുകളില്‍ എത്തും. ഉദ്യോഗസ്ഥരുടെ അറ്റന്റന്‍സ് ഉറപ്പാക്കിയതിന് ശേഷം ഓരോ ജോലിക്കുമായി റാന്‍ഡമൈസേഷന്‍ നടത്തും. ഏഴു മണിയോടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കും.

ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ വരണാധികാരി നിശ്ചയിക്കും. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ടേബിളുകളില്‍ എത്തിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക.

ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറക്കും. ഇവിടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകും. ഇവിടെ നിന്നും കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിങ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കുക. ഇത് സീല്‍ ചെയ്തത് തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പു വരുത്തും.
ആദ്യം കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമില്‍ രേഖപ്പെടുത്തിയത് തന്നെയാണെന്ന് ഉറപ്പു വരുത്തും. അതിനു ശേഷമായിരിക്കും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടുകള്‍ പരിശോധിക്കുക. ഇത് ഫോമിന്റെ രണ്ടാം പാര്‍ട്ടില്‍ എഴുതിച്ചേര്‍ക്കും. സൂപ്പര്‍വൈസര്‍മാരായിരിക്കും ഫോമില്‍ എഴുതിച്ചേര്‍ക്കുക. മൈക്രോ ഒബ്സര്‍വര്‍മാരുടെയും കൗണ്ടിങ് ഏജന്റിന്റെയും സാന്നിധ്യം ഇവിടെയുണ്ടാകും. ഫോമില്‍ കൗണ്ടിങ് ഏജന്റുമാര്‍ സാക്ഷിയായി ഒപ്പിടും. ഇതിന്റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും.

ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കണ്‍ട്രോള്‍ യൂണിറ്റും പരിശോധിച്ച് കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്തെടുക്കുന്ന പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും പൂര്‍ത്തിയായി കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.

പെരിന്തല്‍മണ്ണയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.ബിജു എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍,
90 ഹാളുകളില്‍ 742 ടേബിളുകള്‍

ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടേബിളുകള്‍ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലത്തിലും ഏറ്റവും കുറവ് തിരൂരങ്ങാടി, താനൂര്‍ മണ്ഡലത്തിലുമാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് എണ്ണുന്നത്. നാല് ഹാളുകളിലായി 54 ടേബിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

കൊണ്ടോട്ടി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. 307 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച്് ഹാളുകളിലായി 64 ടേബിളുകാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഏഴ് ടേബിളും ഇ.വി.എം മെഷീനിലെ വോട്ടുകളെണ്ണുന്നതിന് 56 ടേബിളുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജില്‍ നടക്കും. ഏറനാട് മണ്ഡലത്തില്‍ 261 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച് കൗണ്ടിങ് ഹാളുകളിലായി 30 ടേബിളുകാണ് ഒരുക്കിയിട്ടുള്ളത്. എട്ട് പോസ്റ്റല്‍ കൗണ്ടിങ് ടേബിളുകളും 21 ഇ.വി.എം കൗണ്ടിങ് ടേബിളുകളുമാണുള്ളത്.

മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണുന്നതിനായി എട്ട് ഹാളുകളിലായി 62 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 304 പോളിങ് സ്റ്റേഷനുകളുടെ വോട്ടുകളാണ് എണ്ണുന്നത്. പോസ്റ്റല്‍ വോട്ടെണ്ണുന്നതിനായി അഞ്ച് ടേബിളുകളും ഇ.വി.എം മെഷീനിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്.

നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നടക്കും. നിലമ്പൂരില്‍ 332 പോളിങ് സ്റ്റേഷനുകളും വണ്ടൂരില്‍ 336മാണുള്ളത്. നിലമ്പൂരിലെ വോട്ടെണ്ണുന്നതിനായി നാല് ഹാളുകളിലായി 29 ടേബിളുകളും വണ്ടൂരിലേത് നാല് ഹാളുകളിലായി 28 ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് എട്ട് ടേബിളും വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിന് 20 ടേബിളുമാണുള്ളത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസില്‍ നടക്കും. 315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആറ് കൗണ്ടിങ് ഹാളുകളിലായി 63 ടേബിളാണ് സജ്ജമാക്കിയിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റിന് ആറും വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുമാണുള്ളത്.

മങ്കട മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ നടക്കും. 331 പോളിങ് സ്റ്റേഷനുകളാണുള്ളത്. എട്ട് വോട്ടിങ് ഹാളുകളില്‍ 65 ടേബിളുകളാണ് വോട്ടെണ്ണിലിനായുള്ളത്. പോസ്റ്റല്‍ ബാലറ്റിന് എട്ട് ടേബിളുകളും വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നതിന് 56 ടേബിളുകളുമാണുള്ളത്.

മലപ്പുറം മണ്ഡലം വോട്ടെണ്ണല്‍ മലപ്പുറം എം.എസ്.പി എച്ച്.എസ്.എസില്‍ ഒരുക്കിയ അഞ്ച് ഹാളില്‍ നടക്കും. 309 പോളിങ് സ്റ്റേഷനിലെ വോട്ടാണ് എണ്ണുന്നത്. കേന്ദ്രത്തിലെ 65 ടേബിളുകളില്‍ 56 ടേബിളുകളില്‍ വോട്ടിങ് മെഷീനിലെ വോട്ടുകളും എട്ട് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും.

വേങ്ങര മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും നടക്കും. വേങ്ങരയില്‍ 279 പോളിങ് സ്റ്റേഷനുകളും വള്ളിക്കുന്ന് 298 മാണുള്ളത്. വേങ്ങരയില്‍ ആറ് ഹാളുകളിലായി 62 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റ് അഞ്ച് ടേബിളുകളിലും ഇ.വി.എം വോട്ട് 56 ടേബിളുകളിലും എണ്ണും. വള്ളിക്കുന്ന് അഞ്ച് ഹാളുകളില്‍ 51 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് എട്ട് ടേബിളുകളും ഇ.വി.എം വോട്ടെണ്ണുന്നതിന് 42 ടേബിളുകളുമാണുള്ളത്.

തിരൂരങ്ങാടി മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജിലാണ് നടക്കുന്നത്. 299 പോളിങ് സ്റ്റേഷുകളിലെ വോട്ടുകളാണ് എണ്ണുന്നത്. നാല് ഹാളുകളില്‍ 26 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണുന്നതിന് നാല് ടേബിളുകളും വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നതിന് 21 ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്.

താനൂര്‍, തിരൂര്‍ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നടക്കും. താനൂരില്‍ 280 പോളിങ് സ്റ്റേഷനുകളും തിരൂരില്‍ 327 മാണുള്ളത്. താനൂരില്‍ ആറ് കൗണ്ടിങ് ഹാളുകളിലായി 26 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 20 ടേബിളുകളുമാണുള്ളത്.

തിരൂരില്‍ ഒരുക്കിയ നാല് ഹാളുകളിലെ 29 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടിന് 21 ടേബിളുകളുമാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂര്‍ ജി.ബി.എച്ച്.എസ്.എസിലും തവനൂര്‍ മണ്ഡലം കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം പൊന്നാനി എ.വി.എച്ച്.എസ്.എസിലും നടക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ 314 പോളിങ് സ്റ്റേഷനുകളും തവനൂരില്‍ 292 ഉം പൊന്നാനിയില്‍ 291 മാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തില്‍ നാല് ഹാളുകളിലായി 29 ടേബിളുകളും തവനൂരില്‍ എട്ട് ഹാളുകളിലായി 30 ടേബിളുകളും പൊന്നാനി ആറ് ഹാളുകളിലായി 29 ടേബിളുകളുമാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഏഴ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 21 ടേബിളുകളുമാണുള്ളത്. തവനൂര്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് ആറ് ടേബിളുകളും ഇ.വി.എം വോട്ടെണ്ണുന്നതിന് 23 ടേബിളുമാണുള്ളത്. പൊന്നാനി മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റെണ്ണുന്നതിന് ആറ് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 29 ടേബിളുകളുമാണുള്ളത്.

വോട്ടെണ്ണലിന് 3,783 ഉദ്യോഗസ്ഥര്‍

വോട്ടെണ്ണലിന് ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 3783 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. 307 അഡീഷനല്‍ എ.ആര്‍.ഒമാര്‍, 1104 മൈക്രോ ഒബ്സര്‍വര്‍മാര്‍, 1539 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 833 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ഇ.ആര്‍.ഒ/എ.ആര്‍.ഒ/ആര്‍.ഒമാരായി 1948 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ചുമതലയിലുണ്ട്. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1,211 പൊലീസ് ഉദ്യോഗസ്ഥരും സേവനത്തിനുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടാകുക. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ എണ്ണും.

മണ്ഡലടിസ്ഥാനത്തില്‍ പോളിങ് ശതമാനം

ജില്ലയിലെ പോളിങ് ശതമാനം: 74.91

കൊണ്ടോട്ടി-78.64
ഏറനാട്-77.68
നിലമ്പൂര്‍-75.2
വണ്ടൂര്‍: 73.66
മഞ്ചേരി: 74.32
പെരിന്തല്‍മണ്ണ: 74.73
മങ്കട: 75.17
മലപ്പുറം: 74.88
വേങ്ങര: 69.88
വള്ളിക്കുന്ന്: 74.46
തിരൂരങ്ങാടി: 74.02
താനൂര്‍: 76.67
തിരൂര്‍: 73.26
കോട്ടക്കല്‍:72.35
തവനൂര്‍: 74.4
പൊന്നാനി: 69.63

മലപ്പുറം ലോക്‌സഭ മണ്ഡലം: 74.65

ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയത് 54830 പേര്‍

അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ജില്ലയില്‍ ഉപയോഗപ്പെടുത്തിയത് 54,830 പേര്‍. 80 വയസിന് മുകളില്‍ പ്രായമുള്ള 22,440 പേരും 4598 ഭിന്നശേഷിക്കാരും 72 കോവിഡ് നിരീക്ഷണത്തിലുള്ളവര്‍മുള്‍പ്പടെ 27,110 പേരാണ് ഉദ്യോഗസ്ഥരേതരുടെ വിഭാഗത്തില്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയത്. അവശ്യ സേവന വിഭാഗത്തില്‍ ജോലി ചെയ്യുന്ന 1090 പേര്‍, സൈനിക മേഖലയിലുള്‍പ്പടെയുള്ള 1723 ക്ലാസിഫൈഡ് സര്‍വീസ് വോട്ടേഴ്‌സ്, വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട 12,479 ജീവനക്കാരും കൂടാതെ തപാലിലൂടെ 12,428 പേരുമാണ് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിച്ചത്.

4,290 പേര്‍ വോട്ട് ചെയ്ത നിലമ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം പേര്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗിച്ചത്. 4,223 പേരുമായി മങ്കട മണ്ഡലമാണ് തൊട്ടു പിറകില്‍. ഏറനാട് മണ്ഡലത്തില്‍ 4,055 പേരാണ് പോസ്റ്റല്‍ ബാലറ്റ് സേവനം ഉപയോഗപ്പെടുത്തിയത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് ഏറ്റവുമധികം കോവിഡ് നിരീക്ഷണത്തിലുള്ളവരും 80 വയസിന് പ്രായമുള്ളവരും പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്തിയത്. 36 കോവിഡ് നിരീക്ഷണത്തിലുള്ളവരാണ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗപ്പെടുത്തിയത്. മലപ്പുറം മണ്ഡലത്തില്‍ 10 കോവിഡ് നിരീക്ഷണത്തിലുള്ളവരും കൊണ്ടോട്ടിയില്‍ അഞ്ച് നിരീക്ഷണത്തിലുള്ളവരും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി. ഇവരുള്‍പ്പടെ ജില്ലയില്‍ 72 കോവിഡ് നിരീക്ഷണത്തിലുള്ളവരാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയത്.

80 വയസിന് മുകളില്‍ പ്രായമുള്ള 22440 പേരാണ് പോസ്റ്റല്‍ ബാലറ്റ് വഴി ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 1729 പേരുമായി പെരിന്തല്‍മണ്ണയാണ് ഈ കണക്കിലും മുന്നിലുള്ളത്. 1675 പേര്‍ വോട്ട് ചെയ്ത മഞ്ചേരിയും 1656 പേര്‍ വോട്ട് ചെയ്ത വള്ളിക്കുന്നും തൊട്ടുപിറകിലുണ്ട്.

തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഒരുക്കിയ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി 12,479 പേരും കൂടാതെ സാധാരണയായുള്ള പോസ്റ്റല്‍ വോട്ട് സംവിധാനം വഴി 12,428 പേരുമാണ് വോട്ട് ചെയ്തത്. ഇതുള്‍പ്പടെ 24,907 പേരാണ് ഈ വിഭാഗത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

1014 പേര്‍ വോട്ട് രേഖപ്പെടുത്തിയ വണ്ടൂര്‍ മണ്ഡലമാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കൊണ്ടോട്ടിയില്‍ 946, ഏറനാട് 935 എന്നിങ്ങനെയാണ് ഈ കണക്കുകള്‍. തപാല്‍ മാര്‍ഗം 12428 പേര്‍ വോട്ട് ചെയ്തതില്‍ 1,191 പേര്‍ വോട്ട് ചെയ്ത നിലമ്പൂര്‍ മണ്ഡലമാണ് മുന്നിലുള്ളത്. 1095 പേരുമായി കൊണ്ടോട്ടി, 1,093 പേരുമായി ഏറനാട് എന്നിവയാണ് തൊട്ടു പിറകില്‍.

അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന 1,090 പേര്‍ വോട്ട് ചെയ്തതില്‍ 152 പേരുമായും സൈനിക മേഖലയിലുള്ളവരുടെ ക്ലാസിഫൈഡ് സെര്‍വീസ് വോട്ടേഴ്‌സ് വിഭാഗത്തില്‍ 1723 പേര്‍ വോട്ട് ചെയ്തതില്‍ 296 പേരുമായും നിലമ്പൂരാണ് മുന്നില്‍.

കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ ഇന്നും സൗകര്യം

നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ ഇന്നും (മെയ് ഒന്ന്) സൗകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സൗകര്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന്റെ രേഖസഹിതം ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ടെസ്റ്റിന് ഹാജരാകണം. ടെസ്റ്റിന് ഹാജരാകുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയ കേന്ദ്രങ്ങള്‍ നിയമസഭാ മണ്ഡലടിസ്ഥാനത്തില്‍

കൊണ്ടോട്ടി- കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം
ഏറനാട്- അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം
നിലമ്പൂര്‍- നിലമ്പൂര്‍ ജി.യു.പി സ്‌കൂള്‍, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം
വണ്ടൂര്‍: കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രം, വണ്ടൂര്‍ താലൂക്ക് ആശുപത്രി
മഞ്ചേരി: മഞ്ചേരി ടൗണ്‍ ഹാള്‍, പാണ്ടിക്കാട് കുടുംബാരോഗ്യകേന്ദ്രം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
മങ്കട: മൂര്‍ക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം, മങ്കട സാമൂഹികാരോഗ്യകേന്ദ്രം
മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രി, പൂക്കോട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
വേങ്ങര: എ.ആര്‍ നഗര്‍ പ്രാഥമികാരോഗ്യകേന്ദ്രം, വേങ്ങര സാമൂഹികാരോഗ്യകേന്ദ്രം
വള്ളിക്കുന്ന്: നെടുവ സാമൂഹികാരോഗ്യകേന്ദ്രം, അത്താണിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി, ചേലേമ്പ്ര കുടുംബാരോഗ്യകേന്ദ്രം
താനൂര്‍: വളവന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, താനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രി, വെട്ടം സാമൂഹികാരോഗ്യകേന്ദ്രം
കോട്ടക്കല്‍: സാമൂഹികാരോഗ്യകേന്ദ്രം കോട്ടക്കല്‍, വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രം
തവനൂര്‍: സാമൂഹികാരോഗ്യകേന്ദ്രം തവനൂര്‍, എടപ്പാള്‍ സാമൂഹികാരോഗ്യകേന്ദ്രം
പൊന്നാനി: താലൂക്ക് ആശുപത്രി പൊന്നാനി, മാറഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം

The post വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം : കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് മലപ്പുറം കലക്ടര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2RjcKq0
via IFTTT

No comments