Recent Posts

Breaking News

കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലി; ശശി തരൂര്‍ പങ്കെടുക്കും

കോഴിക്കോട് കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോഴിക്കോട് എംപി എംകെ രാഘവനും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു.

കോഴിക്കോട് നടക്കുന്ന റാലിയില്‍ പങ്കെടുക്കാതിരുന്നാല്‍ വിഷയത്തിൽ ഇനിയും കൂടുതല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബർ 23-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം തരൂര്‍ അറിയിച്ചിരുന്നു.

മുൻപ് മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ നടത്തിയ ഹമാസ് വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അതിനു ശേഷം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തി. താന്‍ എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും എന്റെ പ്രസംഗത്തെ ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നുമായിരുന്നു തരൂരിന്റെ വിശദീകരണം.

‘യുദ്ധം വേഗം നിര്‍ത്തണമെന്നാണ് ആവശ്യം. ഇതിനൊരു ശാശ്വത പരിഹാരം വേണം. പലസ്തീന്‍കാര്‍ക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണില്‍ വേണം. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി ഒന്നും ഗാസയില്‍ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു.

കഴിഞ്ഞ 15 വര്‍ഷത്തെ മരണത്തേക്കാള്‍ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. പലസ്തീനില്‍ ക്രിസ്ത്യാനികളും കൊല്ലപ്പെടുന്നു. മുസ്ലിം വിഷയമല്ല ഇത്. ക്രിസ്ത്യന്‍ ജനവിഭാഗവും മരിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ആദരിക്കുന്ന സെന്റ് ഫ്യൂരിയസ് ഓര്‍ത്തഡോക്‌സ് പള്ളി പോലും ബോംബ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറിമാര്‍ 1882ല്‍ സ്ഥാപിച്ച ഗാസയിലെ പ്രധാന ആശുപത്രി നശിപ്പിച്ചു’ എന്നാണ് തരൂര്‍ പറഞ്ഞത്. വീഡിയോ സന്ദേശത്തിലൂടെയാണ് ശശി തരൂര്‍ വിശദീകരണം നടത്തിയത്.

നേരത്തെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. മുസ്ലീം ജമാഅത്തുകളുടെ സംഘടനയായ മഹല്‍ എംപവര്‍മെന്റ് മിഷന്‍ (എംഇഎം) സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്.

The post കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലി; ശശി തരൂര്‍ പങ്കെടുക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hxsBNVo
via IFTTT

No comments