Recent Posts

Breaking News

ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. കരിയറിൽ തന്റെ 48-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്ലി (103*), ശുഭ്മാന്‍ ഗില്‍ (53), രോഹിത് ശർമ (48) എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

സാധാരണ പോലെ ഇന്ത്യക്ക് അതിവേഗത്തിലുള്ള ഒരു തുടക്കം നല്‍കാന്‍ നായകന്‍ രോഹിത് ശർമയ്ക്ക് സാധിച്ചു. മികച്ച കരുതലോടെ ബാറ്റ് വീശിയ ഗില്ലും രോഹിതിന്റെ പാത സ്വീകരിച്ചതോടെ പവർപ്ലേയില്‍ 63 റണ്‍സാണ് ഇന്ത്യ കണ്ടെത്തിയത്. 13-ാം ഓവറില്‍ രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 88 റണ്‍സിലെത്തിയിരുന്നു. 40 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സും ഇന്ത്യന്‍ നായകന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

കോഹ്ലിയുടെ തോളിലേറിയായിരുന്നു പിന്നീട് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് പോയത്. കന്നി അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ തന്നെ ഗില്‍ മടങ്ങി. 55 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമാണ് ഗില്‍ നേടിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യരിന് തിളങ്ങാനാകാത്തതും കോഹ്ലിയുടെ താളം തെറ്റിച്ചില്ല. കെ എല്‍ രാഹുല്‍ കോഹ്ലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

മത്സരത്തിലെ 42-ാം ഓവറിലെ മൂന്നാം പന്തില്‍ കോഹ്ലിയുടെ ബാറ്റ് സിക്സർ കണ്ടെത്തി, ഇന്ത്യ വിജയവും. ഏകദിന ക്രിക്കറ്റ് കരിയറിലെ കോഹ്ലിയുടെ 48-ാം സെഞ്ചുറിയാണ് പൂനെയില്‍ പിറന്നത്. 34 റണ്‍സെടുത്ത് രാഹുല്‍ പുറത്താകാതെ നിന്നു. കോഹ്ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. നേരത്തെ നിശ്ചിത 50 ഓവറില്‍ ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹൊസൈന്‍ (51), മഹ്മദുള്ള (46) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് 256 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി.

The post ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്ക് നാലാം ജയം; ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/9WPkZoj
via IFTTT

No comments