Recent Posts

Breaking News

ദുബായ് നഗരത്തിൽ ഡ്രൈവറില്ലാ ടാക്‌സികള്‍ അടുത്തമാസം മുതൽ

ദുബായ് നഗരത്തിലെ റോഡുകളിൽ അടുത്ത മാസം മുതല്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഓടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു . ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റല്‍ മാപ്പിങ് പൂര്‍ത്തിയായതായും പൂര്‍ണ ഓട്ടോമേറ്റഡ് സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ആര്‍ടിഎയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി സ്ഥിരീകരിച്ചു.

ആദ്യ ഘട്ടത്തിൽ ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടര്‍ കനാലിനും ഇടയിലുള്ള ജുമൈറ റോഡിലെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്‌സികള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തും. എന്നാല്‍, പൊതുജനങ്ങള്‍ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന വിധം പൂര്‍ണതോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക അടുത്തവര്‍ഷം പകുതിക്ക് ശേഷമായിരിക്കും.

തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ സെല്‍ഫ് ടാക്‌സികള്‍ ഉപയോഗിക്കാന്‍ കഴിയും. ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജി കമ്പനിയായ ക്രൂയിസ് ആണ് സര്‍വീസ് നടത്തുന്നത്.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കായുള്ള റോഡ് നിയമങ്ങളും പൊതുനിയമങ്ങളും ഈ വര്‍ഷം ആദ്യം പാസാക്കി. പ്രാരംഭഘട്ടത്തില്‍ എന്തെങ്കിലും മനുഷ്യ ഇടപെടല്‍ ആവശ്യമായി വന്നാല്‍ ദുബായ് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. 2030 ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങും. ജുമൈറ ഏരിയയില്‍ മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും വേഗപരിധി. ക്രൂയിസ് ബോള്‍ട്ട് ടാക്‌സികളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം.

ടാക്‌സികളുടെ നിരക്ക് ആര്‍ടിഎ നിശ്ചയിച്ചിട്ടില്ല. ദുബായിലെ സാധാരണ ക്യാബുകളേക്കാള്‍ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്‌സികളുടെ നിരക്കിനോട് തുല്യമായിരിക്കുമെന്നാണ് സൂചന. ഷെവര്‍ലെ ബോള്‍ട്ട് കാറുകളാണ് സെല്‍ഫ്‌ഡ്രൈവിങ് ടാക്‌സിയായി വരുന്നത്. പൂര്‍ണമായും ഇലക്ട്രികും എമിഷന്‍ഫ്രീയുമാണ്. ജുമൈറ-1 ഏരിയയുടെ ഡിജിറ്റല്‍ മാപ്പിങ് ആര്‍ടിഎയും ക്രൂയിസും ചേര്‍ന്ന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മുതല്‍ മനുഷ്യര്‍ ഓടിക്കുന്ന രണ്ട് ഷെവര്‍ലെ ബോള്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ ജുമൈറ ഏരിയയിലെ തെരുവുകള്‍, കാല്‍നട ക്രോസിങുകള്‍, അടയാളങ്ങള്‍, മറ്റ് റോഡ് സവിശേഷതകള്‍ എന്നിവ റെക്കോഡ് ചെയ്ത് ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ഡിജിറ്റല്‍ മാപ്പ് സൃഷ്ടിച്ചു. ഡിജിറ്റല്‍ മാപ്പിങില്‍ തകരാറുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

തെരുവിലെ കാല്‍നടയാത്രക്കാരായ അബായയും ഹിജാബും ധരിച്ചവരെ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം റെക്കോഡ് ചെയ്തിട്ടുണ്ട്. ലിഡാര്‍ (വസ്തുക്കളുടെ ആകൃതി കണ്ടെത്തുന്നതിന് സമീപമുള്ള ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിക്കുന്ന ലേസര്‍ സെന്‍സര്‍), ക്യാമറകള്‍, തെരുവുകളിലെ വസ്തുക്കളുടെയും ആളുകളുടെയും ദൂരം നിര്‍ണയിക്കുന്ന റഡാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം സെന്‍സറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

The post ദുബായ് നഗരത്തിൽ ഡ്രൈവറില്ലാ ടാക്‌സികള്‍ അടുത്തമാസം മുതൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/AJf4s2D
via IFTTT

No comments