Recent Posts

Breaking News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കേരളാ സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നു: കെ സുരേന്ദ്രന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്രത്തിനു കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎം ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നായപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭീഷണി.

ഇഡിക്കെതിരായ പൊലീസ് നീക്കം ഇതിന്റെ തെളിവാണ്. മുമ്പും കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷനെ കൊണ്ട് കള്ളപരാതി കൊടുപ്പിച്ചതിന് പിന്നില്‍ സിപിഎം നേതൃത്വമാണ്. ഇഡി മര്‍ദ്ദിച്ചുവെന്ന പരാതി കരുവന്നൂര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയമായ രീതിയില്‍ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവര്‍ക്കും അറിയാം.

തങ്ങൾ ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷന്‍ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ രണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഫെഡറല്‍ തത്ത്വങ്ങള്‍ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്.

കേരളാ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് മുമ്പില്‍ ദേശീയ ഏജന്‍സികള്‍ മുട്ടുമടക്കില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഎം മനസിലാക്കണം. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

The post കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കേരളാ സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നു: കെ സുരേന്ദ്രന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8lpQx2A
via IFTTT

No comments