Recent Posts

Breaking News

പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘം: വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ സത്യവാങ്മൂലമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപജാപക സംഘത്തിന്‍റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്‍റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താല്‍പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്.

അതേപോലെ തന്നെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്.

ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സിപിഎമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്.

സിപിഎമ്മിന്‍റെ കേസുകള്‍ പാര്‍ട്ടി കമ്മീഷന്‍ തീര്‍ത്താല്‍ മതിയോ? ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയില്‍ കേരള പൊലീസ് എത്തിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

The post പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘം: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ygZJYBf
via IFTTT

No comments