Recent Posts

Breaking News

വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു 

തിരുുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. 

ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകുന്നതാണ്. 

നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാർ കടും വെട്ട് വെട്ടിയത്.

ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോൾ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാകും.

The post വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു  appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/bVfHlXo
via IFTTT

No comments