Recent Posts

Breaking News

അമ്പലമാണോ എന്ന് സംശയം; യു പിയിലെ മഥുര ഷാഹി ഈദ്‌ ഗാഹ്‌ മസ്ജിദിലും ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ പരിശോധന നടത്തും

കാശി ജ്ഞാൻവാപി മസ്ജിദിന് പിന്നാലെ, മഥുര ഷാഹി ഈദ്‌ ഗാഹ്‌ മസ്ജിദിലും സ്ഥലപരിശോധന നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യക്കു നിർദ്ദേശം. മഥുര ജില്ലാ കോടതിയാണ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. ജനുവരി രണ്ടിനുശേഷം സർവേ നടത്തി 20ന്‌ മുമ്പ്‌ റിപ്പോർട്ട്‌ സമർപ്പിക്കണം എന്നാണു ഉത്തരവ്. തീവ്രവലത്‌ സംഘടനയായ ഹിന്ദുസേന ദേശീയ പ്രസിഡന്റ്‌ വിഷ്ണു ഗുപ്തയുടെ ഹർജിയിലാണ്‌ നടപടി

മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തോട് ചേര്‍ന്ന് 13.37 ഏക്കറിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത്‌ 1669–- 70ൽ കത്ര കേശവ്‌ ദേവ്‌ ക്ഷേത്രം തകർത്താണ്‌ പള്ളി പണിതതെന്ന് ഹര്‍ജിയില്‍ പറയുന്നത്. മസ്ജിദ് പരിപാലനവുമായി ബന്ധപ്പെട്ട് 1968ൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘവും ഷാഹി പള്ളിയും തമ്മിലുണ്ടാക്കിയ ധാരണ നിയമപരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഡിസംബർ എട്ടിന് ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ ഗുപ്തയും വൈസ് പ്രസിഡന്റ് സുർജിത് സിംഗ് യാദവും കോടതിയിൽ ഈ അവകാശവാദം ഉന്നയിച്ചതായി വിഷ്ണു ഗുപ്തയുടെ അഭിഭാഷകൻ ശൈലേഷ് ദുബെ പറഞ്ഞു. “ശ്രീകൃഷ്ണന്റെ ജനനം മുതൽ ക്ഷേത്രം പണിയുന്നത് വരെയുള്ള മുഴുവൻ ചരിത്രവും അദ്ദേഹം കോടതിയിൽ അവതരിപ്പിച്ചു. 1968-ൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാസംഘും ഷാഹി ഈദ്ഗാഹും തമ്മിൽ ഉണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്ന് പറഞ്ഞ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.” ദുബെ പറഞ്ഞു.

കേസിൽ വാദം കേൾക്കുന്നതിനുള്ള അടുത്ത തീയതി ജനുവരി 20 ആയി കോടതി നിശ്ചയിച്ചു.

The post അമ്പലമാണോ എന്ന് സംശയം; യു പിയിലെ മഥുര ഷാഹി ഈദ്‌ ഗാഹ്‌ മസ്ജിദിലും ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ പരിശോധന നടത്തും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/bSEQUVh
via IFTTT

No comments