Recent Posts

Breaking News

ഇന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ആരെയും കണ്ണഞ്ചിപ്പിക്കുന്ന രൂപത്തിലേക്ക് മാറി: മുഖ്യമന്ത്രി

കേരളത്തിൽ 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലായ്മയുടെ പര്യായമായിരുന്നു പൊതുവിദ്യാലയങ്ങൾ. അവിടേക്ക് കുട്ടികളെ അയക്കാൻ മാതാപിതാക്കൾ മടിച്ചിരുന്നു. 2016ലെ പ്രകടന പത്രികയിൽ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തും എന്ന് എൽഡിഎഫ് ഉറപ്പ് നൽകി.

എന്നാൽ അന്ന് അത് വെറും വാഗ്‍ദാനം മാത്രമാകും എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. എന്നാൽ എൽഡിഎഫ് ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന മുന്നണി അല്ല. എന്താണോ പറയുന്നത് അത് നടപ്പാക്കും. ചെയ്യാനാകുന്നതേ ജനത്തോട് പറയൂ. അസാധ്യം എന്ന് കരുതിയ പലതും നടപ്പാക്കി. അതിൽ ഒന്നാണ് പൊതുവിദ്യാഭ്യാസ രംഗം. പണ്ട് മനസ്താപതോടെ പൊതുവിദ്യാഭ്യാസ മേഖലയെ കണ്ട ആർക്കും ഇന്ന് ആ വേദന ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 75 സ്കൂളുകളിൽ നിർമിച്ച ഹൈടെക്ക് കെട്ടിടങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

അതേപോലെ തന്നെ കിഫ്ബി ആവിഷ്കരിച്ചത് ഇതുപോലുള്ള പദ്ധതികൾക്ക് വേണ്ടിയാണ്. നിർഭാഗ്യവശാൽ ചിലർ അതിനെ എതിർത്തു. കിഫ്ബി എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ എതിർപ്പും പരിഹാസവും പുച്ഛവും ഉയർന്നു. വികസനത്തിന് തടയിടാനുള്ള നീക്കം ആയിരുന്നു അത്. കിഫ്ബി രൂപപ്പെട്ടപ്പോൾ 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യം ഉറപ്പാക്കും എന്നായിരുന്നു സർക്കാർ പറഞ്ഞത്. അന്ന് ചിലർ അതിനെ മലർപ്പൊടിക്കാരന്റെ സ്വപ്നം ആയി വ്യാഖ്യാനിച്ചു. ഇപ്പോൾ 6 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ന് പൊതുവിദ്യാലയങ്ങൾ ആരെയും കണ്ണഞ്ചിപ്പിക്കുന്ന രൂപത്തിലേക്ക് മാറി. അക്കാദമിക്ക് മേഖലയിലും വലിയ പുരോഗതിയുണ്ടായി. പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കുമ്പോൾ പാവപ്പെട്ടവർക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള കണക്ക് പ്രകാരം 62,500 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി സഹായം ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം 5,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുയോ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്. ഇതിന്റെ ഇടയിൽ കൊവിഡ് അടക്കം വലിയ പ്രതിസന്ധികൾ ഉണ്ടായി, പക്ഷേ കേരളം ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ നേടാൻ നമുക്കായി. ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസ മേഖലയെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ശാരീരികമായ എന്തെങ്കിലും പരിമിതിയുടെ പേരിൽ ഒരു കുട്ടിയും പുറത്തായി പോകരുത് എന്ന് സർക്കാരിന് നിർബന്ധം ഉണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് നാം നടത്തിയ മുന്നേറ്റം ലോകം തന്നെ ശ്രദ്ധിച്ചു. നാം മുന്നോട്ട് വച്ച മാതൃകയാണ് രാജ്യം പിന്തുടരുന്നത്. ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രം ഉള്ളതല്ല, നാളേക്ക് വേണ്ടി, കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളതാണെന്ന് എതിർക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/F3j2ca9
via IFTTT

No comments