Recent Posts

Breaking News

തൃക്കാക്കരയില്‍ വോട്ട് കച്ചവടത്തിന് സിപിഎം ബിജെപിയുമായി ‘പാക്കേജ്’ ഉണ്ടാക്കി: കെ സുധാകരന്‍

ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിംഗ്’ കേരളത്തില്‍ മുഖ്യമന്ത്രിപരീക്ഷിക്കുന്നതും പാക്കേജിന്‍റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ടര്‍മാരെ കണ്ടതും. വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് സിപിഎം. കേരളം രാജ്യത്ത് സിപിഎമ്മിന്‍റെ ഏക പച്ചത്തുരുത്താണ്. സിപിഎമ്മിന്‍റെ എല്ലാ കൊള്ളരുതായ്മകളും തുറന്ന കാട്ടുന്ന കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാനുള്ള തന്‍റേടം ഇല്ലാത്തതിനാലാണ് സിപിഎം വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുന്നത്.

കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ താലോലിക്കുകയാണ് സിപിഎം. അതിനാലാണ് സിപിഎം ഇക്കൂട്ടരുടെ വോട്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ അതിന്‍റെ ഉത്പ്പന്നമാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചതും ഇടതുനേതാക്കള്‍ക്ക് നിര്‍ണ്ണായക പങ്കുള്ളതുമായ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയ സ്വര്‍ണ്ണക്കടത്ത്, ലാവ്ലിന്‍ കേസുകളും സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്ന ബിജെപി നേതാക്കള്‍ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, ഹവാല കേസുകളും പെടുന്നനെ നിലശ്ചതും അവയെല്ലാം കോള്‍ഡ് സ്റ്റോറേജിലായതും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെയും പാക്കേജിന്‍റെയും പുറത്താണ്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക സംഘത്തെ അങ്ങോട്ട് വിട്ടത്. വരാന്‍ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജപി ഇത് പ്രചരണ ആയുധമായി ഉപയോഗിക്കുമെന്ന് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. നേരത്തെ ഉണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.



from ഇ വാർത്ത | evartha https://ift.tt/AmBq0PC
via IFTTT

No comments