Recent Posts

Breaking News

ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം; അന്വേഷണം നടത്തണമെന്ന് വിടി ബൽറാം

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ എന്ന വാര്‍ത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഹരിദാസൻ കൊലപാതകത്തിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിന്‍റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. ഇത് പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ് എന്ന് ബൽറാം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

“ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല” എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.

മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?
ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്.
ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.



from ഇ വാർത്ത | evartha https://ift.tt/MQenomi
via IFTTT

No comments