Recent Posts

Breaking News

Latest News

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് റെയ്ഡിനെതിരേ ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണു റെയ്‌ഡെന്നും ആനത്തലവട്ടം ആരോപിച്ചു. ആരാണ് പരാതിക്കാരെന്നു വെളിപ്പെടുത്തണം. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണു ലക്ഷ്യം.

വിജിലന്‍സിനെ അവര്‍ ആയുധമാക്കുകയാണെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ കഐസ്എഫ്ഇ ശാഖകളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ചിട്ടി നടത്തിപ്പിലും പണയ ഉരുപ്പടിയായ സ്വര്‍ണം സൂക്ഷിക്കുന്നതിലും 35 ശാഖകളില്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്.

എന്നാല്‍, കഐസ്എഫ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ ചട്ടപ്രകാരമാണെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് റെയ്ഡിനെതിരേ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തുവന്നതോടെ റെയ്ഡ് രാഷ്ട്രീയ വിവാദമായി വളര്‍ന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടു. ക്രമക്കേടുകള്‍ പുനഃപരിശോധിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് റെയ്ഡ് അവസാനിപ്പിച്ച വിജിലന്‍സ് ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. അനധികൃത ഇടപാടുകള്‍ നടക്കുന്നില്ലെന്ന് കഐസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് വിശദീകരിച്ചു.

ചിട്ടി ഇടപാടുകളില്‍ ക്രമക്കേടുകളെന്ന പരാതിയെ തുടര്‍ന്ന് കഐസ്എഫ്ഇയുടെ 600 ശാഖകളില്‍ 40 സ്ഥലങ്ങളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. 35 ബ്രാഞ്ചുകളില്‍ ക്രമക്കേട് കണ്ടെത്തി. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റുന്നതായും വലിയ ചിട്ടികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതായും കണ്ടെത്തി.

നാല് ശാഖകളില്‍ സ്വര്‍ണപ്പണയത്തിന് ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. കൃത്യമായ വരുമാന സ്രോതസില്ലാതെ രണ്ടു ലക്ഷത്തിനു മുകളില്‍ മാസഅടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായാണ് വിജിലന്‍സിന്റെ സംശയം.

മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തുന്നു. പിരിക്കുന്ന തുക കൃത്യമായി ട്രഷറിയിലോ, ബാങ്കുകളിലോ നിക്ഷേപിക്കണമെന്നിരിക്കെ ഇത് ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ലംഘിക്കുന്നു. ചിലയിടത്ത് ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലും ചിട്ടി തുടങ്ങിയശേഷം പണം അടയ്ക്കാതെ ചിട്ടി മുടക്കിയിട്ടിരിക്കുന്നു. ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

The post കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2JlY45w
via IFTTT

No comments