Recent Posts

Breaking News

Latest News

കണ്ണൂര്‍: ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത, കൊലപാതകമെന്ന ആരോപണവുമായി സഹോദരി രംഗത്ത്. പുതിയതെരു പനങ്കാവ് സ്വദേശിനി വിദ്യയുടെ(37) മരണമാണ് കൊലപാതകമെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഇന്നലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം തൃപ്തികരമല്ലാത്തതിനാല്‍ ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടന്നുവരികയാണ്.

മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. വളപട്ടണം പോലീസ് സ്വീകരിച്ച നടപടിക്രമങ്ങള്‍ കടുത്ത നിയമലംഘനമാണെന്നും പോലീസിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

നവംബര്‍ 27 ന് വെള്ളിയാഴ്ച്ച രാത്രി ഒന്‍പതര മണിയോടെയാണ് മരണം നടന്നതെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം ഭര്‍തൃ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുമാണ് ചെയ്തതത്രേ.

പട്ടേല്‍ റോഡിലെ മനോജിന്റെ ഭാര്യയായ വിദ്യ ഫോണില്‍ സഹോദരി ദിവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവ് മനോജ് വന്ന് വഴക്കുപറയുന്നത് കേട്ടുവെന്നും മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും വിദ്യയുടെ നിലവിളിയും കേട്ടുവെന്നുമാണ് ദിവ്യ പറയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നതത്രേ.

മനോജിന്റെയും വിദ്യയുടെയും വിവാഹം നടന്നത് ഒന്നരവര്‍ഷം മുമ്പാണ്. വിദ്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നാണ് സഹോദരി പറയുന്നത്. മരിക്കുന്നതിന് മുമ്പ് ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ് വിദ്യ സഹോദരിയെ അറിയിച്ചുകൊണ്ടിരുന്നതെന്നും ദിവ്യ പോലീസിനോട് പറഞ്ഞു.

വിവാഹിതയായ സ്ത്രീകള്‍ ഏഴു വര്‍ഷത്തിന് മുമ്പ് മരണപ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കാനോ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ വളപട്ടണം പോലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വിദ്യയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവിനേയും ബന്ധുക്കളേയും പ്രതിചേര്‍ത്ത് കേസെടുക്കണമെന്നുമാണ് സഹോദരിയും മറ്റ് ബന്ധുക്കളും ആവശ്യപ്പെടുന്നത്.

The post കണ്ണൂർ പുതിയതെരുവിലെ വിദ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ : പോലീസ് സമീപനത്തിൽ ദുരൂഹത first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/36hJmVZ
via IFTTT

No comments